ഭോപ്പാൽ: കിണറ്റിൽ പമ്പ് മാറ്റാനിറങ്ങുന്നതിനിടെ വിഷ വായു ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ ജൂഹ്‌ലി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പിൻ്റു കുശ്വാഹ, രാജ്കുമാർ ദുബെ, നിഖിൽ ദുബെ, രാജേഷ് കുശ്വാഹ എന്നിവരാണ് മരിച്ചത്.
കനത്ത മഴയിൽ കിണറ്റിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പമ്പ് മാറ്റിസ്‌ഥാപിക്കാൻ പിൻ്റു കുശ്വാഹ ആയിരുന്നു ആദ്യം കിണറ്റിലിറങ്ങിയത്. ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഇയാളെ രക്ഷിക്കാനായി മറ്റുള്ളവരും കിണറ്റിലേക്കിറങ്ങുകയായിരുന്നു. ഇവരും ബോധരഹിതനായി കിണറ്റിൽ വീഴുകയായിരുന്നെന്ന് എൻകെജെ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് ദുബെ പറഞ്ഞു.
ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ഇവരാണ് കിണറ്റിലിറങ്ങി മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. മീഥേൻ പോലുളള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
യഥാർത്ഥ കാരണം അറിയാൻ ഫോറൻസിക് സംഘം വെള്ളത്തിന്റെയും വാതകത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.