ഭോപ്പാൽ: അഗ്നിവീർ സൈനികർക്ക് സംസ്‌ഥാനത്തെ പൊലീസ്, സായുധ സേനാ വിഭാഗങ്ങളിൽ സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രഖ്യാപനം.
അഗ്നിവീറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തോട് ചേർന്നുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈന്യത്തെ ആധുനീകവൽക്കരിക്കാനും യോഗ്യരായ സൈനികരെ വാർത്തെടുക്കാനും ഇന്ത്യൻ സൈന്യത്തെ ആഗോള നിലവാരത്തിലേക്ക് ഉടച്ചുവാർക്കാനും ലക്ഷ്യമിട്ടുളളതാണ് അഗ്നിവീർ പദ്ധതിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ തലസ്ഥാനമായ ഭോപ്പാലിലെ ശൗര്യ സ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് മുഖ്യമന്ത്രി ആദരാഞ്ജലിയർപ്പിച്ചിരുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിച്ച സൈന്യത്തിൽ അഭിമാനിക്കുന്നതായും അവരുടെ ധീരതയും ത്യാഗവും ഒരു പുതിയ ചരിത്രം സൃഷ്‌ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.















