ചെന്നൈ: തമിഴ്നാട് കരൂർ ജില്ലയിലെ രത്‌നഗിരീശ്വരർ ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ സർവീസ് ഉദ്ഘാടനപ്പിറ്റേന്നു തന്നെ പണിമുടക്കി. പാതിവഴിയിൽ കുടുങ്ങിയ മൂന്ന് വനിതായാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷമാണ് സുരക്ഷിതമായി നിലത്തെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വീഡിയോ കോൺഫറൻസ് വഴി റോപ്പ് വേ ഉദ്ഘാടനം ചെയ്തത്.
എട്ട് ക്യാബിനുകളും റോപ്പ് വേയും വെയ്റ്റിങ് ഹാളും അടങ്ങുന്ന പദ്ധതി 9.10 കോടി രൂപ മുടക്കിയാണ് പൂർത്തീകരിച്ചത്. ഇത്രയും തുക മുടക്കി പൂർത്തീകരിച്ച പദ്ധതിയാണ് ഉദ്ഘാടന പിറ്റേന്നു തന്നെ മുടങ്ങിയത്. പ്രദേശത്തെ ശക്തമായ കാറ്റ് മൂലമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് സർവീസ് നിലച്ചത് എന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോകാൻ കയറിയ എട്ട് ഭക്തരും ആകാശത്ത് കുടുങ്ങിയിരുന്നു. ഇവരെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപെടുത്തി. ക്ഷേത്രത്തിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് പേരാണ് ആകാശത്ത് ഏറെ നേരം കുടുങ്ങിയത്. ഇവരെ എഞ്ചിനീയർമാരുടെയും അഗ്‌നിശമന സേനയുടെയും സഹായത്തോടെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
സമുദ്രനിരപ്പിൽ നിന്നും 1,178 അടി ഉയരത്തിലാണ് രത്‌നഗിരീശ്വര ക്ഷേത്രം. ഒമ്പത് ക്ഷേത്രങ്ങളിലേത് ഉൾപ്പെടെ 20.53 കോടി രൂപയുടെ 13 പദ്ധതികളാണ് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. സംഭവത്തെ തുടർന്ന് കേബിൾ കാർ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. പ്രശ്നം വിശദമായി പഠിച്ച് പരിഹാരം കണ്ടശേഷം സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.