ന്യൂഡൽഹി: ഐഎസ്ആർഒയിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരി വൈകാതെ അന്താരാഷ്‌ട്ര നിലയത്തിലേക്ക് യാത്ര നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐഎസ്ആർഒയും നാസയും സംയുക്തമായുള്ള ദൗത്യം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗഗൻയാത്രി എന്ന് വിളിക്കുന്ന ഇന്ത്യൻ ബഹിരാശ സഞ്ചാരി വൈകാതെ തന്നെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഐഎസ്ആർഒയ്‌ക്കും നാസയ്‌ക്കും പുറമെ നാസയുടെ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനമായ ആക്‌സിയം സ്‌പേസ് ഏജൻസിയും ഈ ദൗത്യത്തിന്റെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി ഐഎസ്ആർഒ ആക്‌സിയം സ്‌പേസ് ഏജൻസിയുമായുള്ള കരാറിൽ ഒപ്പുവയ്‌ക്കുകയും ചെയ്തിരുന്നു.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഈ വർഷം ഓഗസ്റ്റിന് ശേഷം വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഗഗൻയാൻ ദൗത്യത്തിനായി പരിശീലനം നേടിയ വ്യോമസേനയുടെ നാല് പൈലറ്റുമാരിൽ ഒരാളായിരിക്കും ഐഎസ്എസിലേക്ക് യാത്ര തിരിക്കുന്നത്. നിലവിൽ ഇവർ നാല് പേരും ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രികർക്കുള്ള പരിശീലന കേന്ദ്രത്തിലാണുള്ളത്.
പരിശീലനത്തിന്റെ ഭാഗമായി റഷ്യയിൽ വച്ച് ബഹിരാകാശ യാത്രയുടെ ബേസിക് മൊഡ്യൂളിലും ഇവർ പരിശീലനം നേടിയിരുന്നു. യാത്രയ്‌ക്ക് മുന്നോടിയായിട്ടുള്ള മൂന്ന് സെമസ്റ്ററുകളിൽ രണ്ടെണ്ണം ഇവർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളില്‍ ഉൾപ്പെടെ ഇവർ പരിശീലനം നൽകുന്നുണ്ട്. ഐഎസ്എസിലേക്ക് ഒരാളെയും മറ്റ് മൂന്ന് പേരെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായും ഉൾപ്പെടുത്തും















