ന്യൂഡൽഹി : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്ക് . സർവകലാശാലയിലെ രണ്ട് ജീവനക്കാരെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ക്യാമ്പസിനുള്ളിൽ വച്ച് വെടിവെച്ചത് .പരിക്കേറ്റ സഹോദരങ്ങളായ മുഹമ്മദ് നദീം, കലീം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഇവരെ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു . യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി പട്രോളിംഗ് സംഘം അക്രമികളെ പിന്തുടർന്ന് രണ്ട് പ്രതികളെയും പിടികൂടി . ക്യാമ്പസിനുള്ളിൽ നാലോ അഞ്ചോ റൗണ്ട് വെടിവയ്പ് നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
അക്രമികൾ ക്രിമിനൽ സംഘത്തിൽ പെട്ടവരാണെന്നാണ് നിഗമനം. 13 വയസ്സുള്ള മകളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ചിലർക്കെതിരെ നദീം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.















