തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നവീകരണത്തിന്റെ കണക്കുകൾ പുറത്ത്. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്കു 4.40 ലക്ഷവും ചെലവാക്കിയതായി വെളിപ്പെടുത്തൽ. 2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയിൽ വെളിപ്പെടുത്തിയത്. ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്ത് വകുപ്പ് മൂന്നു വർഷത്തിനിടെ 1.80 കോടി രൂപ ചെലവാക്കി.
ഏറ്റവും കൂടുതൽ തുകയുടെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. ഏറ്റവും കൂടുതൽ തുകയായ 98 ലക്ഷം രൂപ ചെലവായത് സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ്. ലിഫ്റ്റ് വയ്‌ക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ ഉണ്ടായ അധിക ജോലിയിൽ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും ചെലവായി. 12 ലക്ഷമാണ് ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കിയാതായി കണക്കുണ്ട്. ബാക്കിയുളള പണികളുടെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.
2021 മുതൽ ചെലവഴിച്ച തുകയുടെ കണക്ക് നിയമസഭയിൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് വെളിപ്പെടുത്തിയത്.2021 മുതൽ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയിൽ വെളിപ്പെടുത്തിയത്.3.72 ലക്ഷത്തിനാണ് ടെണ്ടർ ക്ഷണിച്ചത്. ജി.എസ് സുരേഷ് കുമാർ എന്ന കോൺട്രാക്റ്റർ ആയിരുന്നു ചാണകക്കുഴി നിർമ്മിച്ചത്. എന്നാൽ പണി പൂർത്തിയായപ്പോൾ ടെണ്ടർ തുകയേക്കാൾ 68000 രൂപ കൂടുതൽ ചെലവായി .
ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയേക്കാൾ ( 4 ലക്ഷം) കൂടുതലായി മുഖ്യമന്ത്രിയുടെ വീട്ടിലെ ചാണകക്കുഴിക്ക് എന്നത് ചർച്ചയായിട്ടുണ്ട്.
അതിനിടെ ക്ലിഫ് ഹൗസിൽ വീണ്ടും നവീകരണത്തിനുള്ള ടെണ്ടർ വിളിച്ചിരുന്നു. ക്ലിഫ് ഹൗസിലെ പൊലീസ് കണ്ട്രോൾ റൂമും പാർക്കിങ് ഏരിയയും നവീകരിക്കാനാണ് ടെണ്ടർ നടപടികൾ തുടങ്ങിയത്. ആകെ എസ്റ്റിമേറ്റ് തുക 20.75 ലക്ഷം രൂപ ആയിരുന്നു.















