ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. തെരച്ചിൽ ആരംഭിച്ച് 12 നാളുകൾ പിന്നിടുമ്പോൾ ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഡിങ്കി ബോട്ടുകളുമായി പുഴയിലിറങ്ങിയെങ്കിലും ബോട്ടുകളെ തട്ടിതെറിപ്പിക്കാവുന്ന വിധത്തിലാണ് നദി കുത്തിയൊലിക്കുന്നത്. അടിയൊഴുക്ക് കുറയുന്നത് വരെ കാത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ബോട്ടുകൾ പുഴയിൽ നില ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുങ്ങൽ വിദഗ്ധരുടെ ജീവന് പോലും ഭീഷണിയാകുമെന്നത് മുൻനിർത്തിയാണ് ദൗത്യത്തിൽ കാലതാമസം നേരിടുന്നത്. വിദഗ്ധർക്കായി ഫ്ളോട്ടിംഗ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നദിയുടെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട മൺകൂനയിൽ ലോറിയുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവിടെ ഇറങ്ങി മുങ്ങി പശിശോധിക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. അതിനാൽ മറ്റ് പ്രായോഗികമായ വഴികൾ കണ്ടെത്താനുള്ള നീക്കത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്നലെയും ഷിരൂരിലെ സമീപ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി.















