ബെംഗളൂരു: ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് എത്താൻ ഇനി 90 മിനിട്ടുകൾ മാത്രം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിച്ച് വരുന്ന ബുള്ളറ്റ് ട്രെയിന്റെ വരവോടെയാണ് ഈ സ്വപ്നയാത്ര സഫലമാകുക. 463 കിലോമീറ്റർ ദൂരത്തിലാണ് ഈ പദ്ധതി സ്ഥാപിക്കുന്നത്.
ഈ ട്രെയിനിന് 11 സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . പ്രത്യേകിച്ച് ബെംഗളൂരുവിൽ മാത്രം 3 സ്റ്റോപ്പുകൾ ഉണ്ടാകും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരാശരി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. അതിവേഗ യാത്രയ്‌ക്കും ചെന്നൈയിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം കുറയ്‌ക്കാനും ഇത് സഹായിക്കും.
ചെന്നൈ, പൂന്തമല്ലി, ചിറ്റൂർ, കോലാർ, കോടഹള്ളി, വൈറ്റ്ഫീൽഡ്, ബൈയപ്പനഹള്ളി, ഇലക്ട്രോണിക്‌സ് സിറ്റി, കെങ്കേരി, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പാതയുടെ പൂർത്തീകരണത്തിന് ശേഷം ഈ പദ്ധതി ആരംഭിക്കും. മൈസൂർ-ബെംഗളൂരു-ചെന്നൈ പാത പ്രാദേശിക വികസനത്തിനും ടൂറിസത്തിനും കാര്യമായ നേട്ടങ്ങൾ നൽകുമെന്നാണ് സൂചന .
ചെന്നൈയിൽ 2.5 കിലോമീറ്ററും ചിറ്റൂരിൽ 11.8 കിലോമീറ്ററും ബെംഗളൂരു വില്ലേജിൽ 2 കിലോമീറ്ററും ബെംഗളൂരു സിറ്റിയിൽ 14 കിലോമീറ്ററും ഉൾപ്പെടെ 30 കിലോമീറ്റർ വരെ സബ്‌വേ ലൈനുകൾ നിർമിക്കും. മൊത്തം പാതയിൽ 258 കിലോമീറ്റർ കർണാടകയിലും 132 കിലോമീറ്റർ തമിഴ്‌നാട്ടിലും ബാക്കിയുള്ളത് ആന്ധ്രാപ്രദേശിലുമാണ് നിർമിക്കുക.















