തൃശൂർ: വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി ധന്യ 8 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് പൊലീസ്. ഭർത്താവിന്റെ എൻആർഐ അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘത്തിന്റെ സഹായത്തോടെ പണം മാറ്റിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ധന്യയുടെ അക്കൗണ്ടിലെ പണവും പ്രതിയുടേയും ബന്ധുക്കളുടേയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കാൻ പൊലീസ് നടപടി തുടങ്ങി.
ധന്യയുടെ പേരിൽ മാത്രം 5 അക്കൗണ്ടുകളാണുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ കഴിഞ്ഞ നാല് വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റും മറ്റ് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചു. 5 വർഷംകൊണ്ട് 19.96 കോടി രൂപയുടെ തട്ടിപ്പാണ് ധന്യ നടത്തിയത്. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യാജ രേഖകൾ ചമച്ച് വായ്പകളായി മാറ്റിയാണ് പണം തട്ടിയെടുത്തത്.
ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും ഓൺലൈൻ റമ്മി കളിക്കാനുമായാണ് ഇവർ ചിലവാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം തൃശൂരിൽ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും.















