തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെയാണ് പൂന്തുറ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്ന് പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ കൂട്ടിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് വിലങ്ങ് വച്ച് കൊണ്ടുപോയതെന്നും പൂജാരി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ പോറ്റി പറഞ്ഞു.
ട്രസ്റ്റ് അറിയാതെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് നന്ദകുമാർ പറഞ്ഞു. ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. പൊലീസിന്റെ അനാവശ്യ കടന്നുകയറ്റം കാരണം നിരവധി പൂജകളാണ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസിപിക്ക് പരാതി നൽകിയതായും ട്രസ്റ്റ് അറിയിച്ചു. സംഭവം വിവാദമായതോടെ പൊലീസ് ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമവും നടത്തി.
കഴിഞ്ഞ മാസം പൂന്തുറ ഉച്ചമാടാൻ ക്ഷേത്രത്തിൽ നിന്ന് 40 വർഷത്തിലേറെ പഴക്കമുള്ള, ഒന്നരക്കോടി രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രത്തിലെ അന്നത്തെ പൂജാരിയെന്ന നിലയിൽ അരുൺ പോറ്റിയെ ഇപ്പോൾ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തി കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കാണാതായതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി പറയുന്നു.
പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയതെന്നും അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നു. ആ കൂട്ടത്തിലാണ് തന്റെ പേരും പറഞ്ഞതെന്ന് അരുൺ പോറ്റി പറഞ്ഞു. നേരത്തെ പൊലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയതെന്നും അരുൺ പോറ്റി പറയുന്നു. ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാത്രി വൈകിയാണ് അദ്ദേഹത്തെ പൊലീസ് പറഞ്ഞുവിട്ടത്.