ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ 24 കാരിയെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിൽ. പ്രതി അഭിഷേകാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. കോറമംഗല വെങ്കട്ടറെഡ്ഡി ലേഔട്ടിലെ ഭാർഗവി സ്‌റ്റേയിംഗ് ഹോമിൽ ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് ബിഹാർ സ്വദേശിനി കൃതി കുമാരി കുത്തേറ്റു മരിച്ചത്. സംഭവം നടന്ന് 3 ദിവസങ്ങൾക്കിപ്പുറമാണ് പ്രതി പിടിയിലാകുന്നത്.
പ്രതിയെ ബെംഗളുരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും. പിജിയുടെ മൂന്നാം നിലയിലേക്ക് കടന്നുകയറിയ പ്രതി യുവതിയെ മുറിയിൽ നിന്നും വലിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയും പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതി അഭിഷേകിന്റെ പെൺസുഹൃത്ത് കൃതിയുടെ റൂം മേറ്റാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളിൽ കൃതി ഇടപെട്ടതാണ് അഭിഷേകിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതക ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി ഭോപ്പാലിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.