ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഏറ്റവും വിലയേറിയ സ്കൂട്ടർ പുറത്തിറക്കി ബിഎംഡബ്ല്യു. CE 04 എന്നത് സമ്പൂർണ്ണ ബിൽറ്റ്-അപ്പ് യൂണിറ്റായി (സിബിയു) എത്തുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറാണ്. ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഗംഭീര പ്രകടനം എന്നിവയാണ് സ്കൂട്ടറിന്റെ പ്രധാന ആകർഷണം. 14.90 ലക്ഷം രൂപയാണ് ഈ സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില.
സ്കൂട്ടറിന്റെ ഡെലിവറി സെപ്റ്റംബറിൽ ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 130 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 8.5kWh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. CE 04-ന് രണ്ട് ചാർജിംഗ് ഓപ്ഷനുകൾ ഉണ്ട്. ഒരു സാധാരണ 2.3kW ചാർജറും ഒരു ഓപ്ഷണൽ 6.9kW ഫാസ്റ്റ് ചാർജറും. 0 മുതൽ 100% വരെ ചാർജ് ചെയ്യാൻ സ്റ്റാൻഡേർഡ് ചാർജറിനൊപ്പം നാല് മണിക്കൂർ ഇരുപത് മിനിറ്റും ഫാസ്റ്റ് ചാർജറിൽ 1 മണിക്കൂർ 40 മിനിറ്റും എടുക്കും.
സ്പ്ലിറ്റ് സ്‌ക്രീൻ പ്രവർത്തനക്ഷമതയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള 10.25 ഇഞ്ച് കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ ഉൾപ്പെടെ വിപുലമായ സാങ്കേതികവിദ്യയാണ് ബിഎംഡബ്ല്യു സിഇ 04-ന് നൽകിയിരിക്കുന്നത്. കീലെസ് റൈഡ്, റിവേഴ്‌സിംഗ് എയ്ഡ്, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി), മൂന്ന് റൈഡിംഗ് മോഡുകൾ (ഇസിഒ, റെയിൻ, റോഡ്) എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.















