തൃശൂർ: വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ധന്യ മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും. ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി കെ രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓൺലൈൻ ട്രേഡിഗിനും സുഹൃത്തുക്കൾക്ക് കടം നൽകുന്നതിനുമാണ് ഉപയോഗിച്ചത്. ഓൺലൈൻ ട്രേഡിംഗിന്റെ ഭാഗമായി ലാഭ – നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും ഡി.വൈ.എസ്.പി പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ധന്യാ മോഹൻ കഴിഞ്ഞദിവസം കീഴടങ്ങുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്.
തട്ടിപ്പ് നടന്ന സ്ഥാപനത്തിൽ 20 വർഷമായി ഇവർ ജീവനക്കാരിയായിരുന്നു. അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ധന്യ അഞ്ച് വർഷം കൊണ്ടാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ധന്യയുടേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരുന്നത്.















