ന്യൂഡല്‍ഹി: പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ അടിത്തട്ടിൽ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ന്യൂഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മുങ്ങി മരിച്ചത്. വെള്ളം കയറിയ ബേസ്‌മെന്റില്‍ നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.കെട്ടിടത്തിന്റെ ബേസ്മെന്റ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്‌മെന്റില്‍ മുങ്ങല്‍ വിദഗ്ധര്‍ പരിശോധന തുടരുകയാണ്. അഗ്നിരക്ഷാസേന മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ്. പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ നിലകളിലുള്ളവര്‍ സുരക്ഷിതരാണ്.
ഡല്‍ഹിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. അതിൽ ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് അനുമാനം. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.















