തിരുവനന്തപുരം: പൂന്തുറ പൊലീസിന്റെ ക്രൂരതകൾ പുറത്തുപറഞ്ഞ് അരുൺ പോറ്റി. തന്നെ ബലമായി പിടിച്ച് കൊണ്ടുപോയതിന് ശേഷം പൊലീസ് വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നാണെന്ന് അദ്ദേഹം പറഞ്ഞു. വിലങ്ങ് പോലും അഴിക്കാതെ പൂന്തുറ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയെന്നും മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി പറയുന്നു.
കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സെല്ലിനകത്ത് ആക്കിയ ശേഷമാണ് വിലങ്ങ് അഴിച്ചത്. എന്തെങ്കിലും സംശയമുണ്ടോ, കാര്യം അറിയാമെങ്കിൽ പറ എന്നൊക്കെയാണ് പൊലീസ് ചോദിച്ചതെന്നും അരുൺ പോറ്റി പറഞ്ഞു. കാര്യം പറഞ്ഞില്ലെങ്കിൽ നീ നിവർന്ന് നിൽക്കില്ലെന്നും ഇടിച്ച് ശരിയാക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അച്ഛനും അമ്മയ്ക്കും ചേർത്ത് അസഭ്യം പറഞ്ഞുവെന്നും അരുൺ പോറ്റി പറഞ്ഞു.
രാത്രി 8.15 ആയപ്പോൾ പൊലീസ് തിരികെ പോയ്‌ക്കോളാൻ പറഞ്ഞു. എന്നാൽ താൻ പോകില്ലെന്നും പൂജയ്‌ക്കിടെ വിലങ്ങ് വച്ച് കൊണ്ടുവന്നതല്ലേയെന്നും ഇനി താൻ അവിടേക്ക് ചെന്നാൽ കുറ്റവാളിയായിട്ടേ ബാക്കിയുള്ളവർ കാണുകയുള്ളൂവെന്നും അതിനാൽ പൊലീസ് കൊണ്ടുവിടണമെന്നും അരുൺ പോറ്റി പറഞ്ഞു. പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ വാഹനത്തിലാണ് അമ്പലത്തിന്റെ നടയിൽ കൊണ്ടുവിട്ടത്. പിന്നീട് എത്തിയാണ് ബാക്കി പൂജകൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരിക്കവേയാണ് പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്തത്. മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെയാണ് പൂന്തുറ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്ന് പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് വിലങ്ങ് വച്ച് കൊണ്ടുപോയതെന്നും പൂജാരി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ പോറ്റി നേരത്തെ പറഞ്ഞിരുന്നു.















