മൂവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് നിർമലാ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ തടഞ്ഞുവച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോൺഗ്രസ്. കോളേജിന്റെ സമാധാന അന്തരീക്ഷത്തിന് തടസം വരുത്തിയതിൽ പ്രതിഷേധം രേഖപ്പെടുന്നുവെന്നും ചില മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന് കൂട്ടുനിന്നത് അപലനീയമാണെന്നും കാത്തോലിക്ക കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ, മോസ്കുകളിൽ പെൺകുട്ടികൾക്ക് കൂടി നിസ്കരിക്കാനുള്ള സൗകര്യമൊരുക്കാനും അനുവാദം നൽകാനും മുസ്ലീം ആത്മീയ നേതാക്കൾ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിനുള്ള മുറി അനുവദിക്കാനാകില്ലെന്നും അടുത്തുള്ള മോസ്കിൽ വെള്ളിയാഴ്ചകളിൽ നിസ്കരിക്കേണ്ട വിദ്യാർത്ഥികൾക്ക് നിസ്കരിക്കാനുള്ള അനുവാദമുണ്ടായിരിക്കുമെന്നും വ്യക്തമാക്കി.
അടുത്തുള്ള മേസ്കുകളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്ന കാരണം പറഞ്ഞ് പെൺകുട്ടികൾക്ക് മാത്രമായി നിസ്കരിക്കാനുള്ള സൗകര്യം മാനേജ്മെൻ്റ് ചെയ്തു നൽകണമെന്ന ആവശ്യം ചിലയിടങ്ങളിൽ ഉയർന്നിട്ടുണ്ട്. മോസ്കുകളിൽ പ്രവേശനം ഇല്ലാത്തതിന് സഭയുടെ സ്ഥാപനങ്ങളിൽ വേണ്ട സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിർബന്ധബുദ്ധി ആരു പിടിക്കേണ്ടതില്ലെന്നും കത്തോലിക്ക കോൺഗ്രസ് ഓർമ്മിപ്പിച്ചു.















