12 വർഷമായി ഒളിമ്പിക്‌സ് മെഡൽ അന്യമായ ഷൂട്ടിംഗിൽ ഇന്ത്യക്ക് മെഡൽ നേട്ടം. 22-കാരി മനു ഭാക്കറിലൂടെ 2024ലെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടവും മനു ഭാക്കറിന് സ്വന്തമായി. 221.7 പോയിന്റ് നേടിയാണ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഹരിയാനക്കാരി വെങ്കലം നേടിയത്. ഷൂട്ടിംഗിൽ ഇന്ത്യയുടെ അഞ്ചാം ഒളിമ്പിക്‌സ് മെഡലാണിത്.
ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് മനു ഭാക്കറിന് വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച താരം മെഡൽ പൊസിഷനിൽ നിന്ന് പുറത്താവാതെയാണ് വെങ്കലത്തേരിലേറിയത്.
ആദ്യ 14 ഷോട്ടുകൾ കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയൻ താരമുയർത്തിയ വെല്ലുവിളി മറികടന്നാണ് മെഡൽ നേടിയത്. 2012-ലെ ഒളിമ്പിക്‌സിൽ വിജയ് കുമാറാണ് ഇതിന് മുമ്പ് ഇന്ത്യക്കായി ഷൂട്ടിംഗിൽ മെഡൽ നേടിയത്.