കൊച്ചി: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ യൂട്യൂബ് ചാനൽ അധികൃതർക്കെതിരെ കേസ്. അർജുന്റെ കുട്ടിയുടെ പ്രതികരണം തേടിയ അവതാരകയ്‌ക്കും യൂട്യൂബ് ചാനലിനുമെതിരെ (മഴവിൽ കേരളം എക്സ്ക്ലൂസീവ്) ബാലാവകാശ കമ്മീഷൻ കേസെടുത്തു.
സംഭവത്തിൽ എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. പാലക്കാട് സ്വദേശിയായ സിനിൽ ദാസിന്റെ പരാതിയിന്മേലാണ് നടപടി. കുടുംബത്തോട് അപമര്യാദയായി പെരുമാറിയ അവതാരകയ്‌ക്കും ചാനലിനുമെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മഴവിൽ കേരളം എക്സ്ക്ലൂസീവ് എന്ന ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചാനൽ ഉടമയ്‌ക്ക് നാളെ നോട്ടീസ് നൽകും.
ഷിരൂരിൽ 13 ദിവസമായി തുടരുന്ന തെരച്ചിലിന് താത്കാലിക വിരാമമായിരിക്കുകയാണ്. തെരച്ചിൽ തത്കാലം നിർത്തിവയ്‌ക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായി തുടരുന്നതിനാൽ തെരച്ചിൽ പ്രായോഗികമല്ലെന്ന കാരണത്താലാണ് നിർത്തുന്നത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് ബാർജ് എത്തിച്ച ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക. റോഡ് മാർഗം ബാർജ് എത്തിക്കാൻ കുറഞ്ഞത് നാല് ദിവസം വേണ്ടി വരും.















