പാരിസ് ഒളിമ്പിക്സിലെ പ്രയാണത്തിന് ജയത്തോടെ തുടക്കമിട്ട് മലയാളി താരം എച്ച്.എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമൻ താരം ഫാബിയൻ റോത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് താരം വരവറിയിച്ചത്. 21-18, 21-12 എന്ന സ്‌കോറിനാണ് ടൂർണമെന്റിലെ 13-ാം സീഡായ താരത്തിന്റെ ജയം. സാഹചര്യങ്ങൾ മനസിലാക്കാൻ അല്പം സമയം എടുത്ത ശേഷമാണ് താരം ആക്രമണ ശൈലി പുറത്തെടുത്തത്. ഇതോടെ ജർമൻ താരത്തിന് മറുപടി ഉണ്ടായിരുന്നില്ല.
ചിക്കൻ ഗുനിയ ബാധിച്ച താരത്തിന്റെ ശാരീരിക ക്ഷമതയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് താരം ഇന്ന് കോർട്ടിലെ പ്രകടനത്തിലൂടെ നൽകിയത്. ആദ്യ ഗെയിമിൽ വൈഡ് റേഞ്ച് ഷോട്ടുകളിലൂടെ ജർമ്മൻ താരം പ്രണോയിയെ വെല്ലുവിളിച്ചെങ്കിലും തന്റെ നീണ്ട ക്ലാസിക് റാലികളിലൂടെ പ്രണോയ് ഇതിന് പ്രതിരോധം തീർത്തു.