ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് അക്കാദമിയിൽ വെള്ളം കയറി ഉണ്ടായ അപകടത്തിൽ മരിച്ച എറണാകുളം സ്വദേശി നെവിൻ ഡാർവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും. നെവിന്‍റെ ബന്ധു ഡൽഹിയിലെത്തി മൃതദേഹം ഏറ്റുവാങ്ങും. സംസ്കാരം സംബന്ധിച്ച് കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും.
നെവിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനും തുടർനടപടികൾക്കുമായി ബന്ധു ഡൽഹിയിലേക്ക് ഞായറാഴ്ച വൈകിട്ടോടെ തിരിച്ചു. തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടംബം 10 വർഷം മുമ്പാണ് മാതാവിന്റെ ജോലി ആവശ്യത്തിനായി കാലടി നീലേശ്വരത്തേക്ക് താമസം മാറ്റിയത്. ബന്ധുക്കളെല്ലാം തിരുവനന്തപുരത്താണ്. അതിനാൽ, മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുപോകാനാണ് സാധ്യത.
കാലടി സംസ്കൃത കോളേജിലെ അദ്ധ്യാപികയാണ് നെവിന്റെ മാതാവ്. പിതാവ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ജെഎൻയുവിൽ പിഎച്ച്ഡി ചെയ്യുകയാണ് നെവിൻ.















