റാഞ്ചി: മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമിസിന്റെ ആക്രമണത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗ്‌വാൻ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്‌തോ (54) ആണ് മരണപ്പെട്ടത്. കുഞ്ഞിനെ മാറ്റുന്നതിനായി കൂട്ടിൽ പ്രവേശിച്ച സന്തോഷിനെ അമ്മ ഹിപ്പൊപ്പൊട്ടാമസ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തന്നെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സന്തോഷ് കുമാര്‍ മഹ്‌തോ ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ആക്രമണസമയം ഡ്യൂട്ടിയിലായതിനാൽ മരണപ്പെട്ട സന്തോഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം നൽകാൻ മൃഗശാല അതോറിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രി ചെലവ് മൃഗശാല അതോറിറ്റിയാണ് ഏറ്റെടുത്തത്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും ശ്രമിക്കുമെന്നും മൃഗശാല അതോറിറ്റി അറിയിച്ചു.
സംഭവത്തില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് മൃഗശാലയിലെ കെയര്‍ ടേക്കര്‍മാര്‍ പ്രധാന ഗേറ്റ് അടച്ചുപൂട്ടി. സ്ഥിര-താല്‍ക്കാലിക ജീവനക്കാരടക്കം 112 കെയര്‍ ടേക്കര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്.















