ബംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും തിങ്കളാഴ്ച രാവിലെ ഡൽഹിക്ക് പുറപ്പെടുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.കുമാരസ്വാമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നൽകിയിരുന്ന മരുന്ന് മൂലമാണ് രക്തസ്രാവമുണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം.
മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിയുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായ ബിജെപി യുമായി ചേർന്ന് പദയാത്ര നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായാണ് കുമാരസ്വാമി യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിയും ബിജെപി പാർലമെൻ്ററി ബോർഡ് അംഗം ബിഎസ് യെദ്യൂരപ്പയും, കുമാരസ്വാമിയും ചേർന്ന് മുഡയിലെ ക്രമക്കേടുകളെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് കുമാരസ്വാമിക്ക് മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായത്. തൂവാല കൊണ്ട് പൊത്തിപിടിച്ച് വീണ്ടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും രക്തം വാർന്നൊഴുകിയതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള കുമാരസ്വാമി കഴിഞ്ഞ മാർച്ചിൽ മൂന്നാമത്തെ ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. അതിനു മുൻപ് കഴിഞ്ഞ 2023 ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.