ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിർമല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്‌ക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇന്നുള്ളത്. മുസ്ലീം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. അതുകൊണ്ട് സ്ത്രീകൾക്കായി സർക്കാരോ മതവിഭാഗമോ പ്രത്യേക സൗകര്യമൊരുക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഒരു മാനേജ്മെന്റ് സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് മുന്നോടിയായി ഗണപതി ഹോമം നടത്തിയിരുന്നു. അന്ന് മാനേജ്മെന്റ് അംഗങ്ങളെ കെട്ടിയിട്ട് ആക്രമിച്ചു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽ തന്നെ ഇത്ര വലിയൊരും സംഭവമുണ്ടായിട്ട് ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ പ്രതികരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടന ആർട്ടിക്കിൾ 25 പൗരന്മാർക്ക് മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. എന്നാൽ അത് സമൂഹത്തിനും മറ്റ് മതവിഭാഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലാകണം. വെള്ളിയാഴ്ചകളിൽ മുസ്ലീം വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പള്ളിയിൽ പോയി നിസ്കരിക്കാനുള്ള അവസരം കേരളത്തിലുണ്ട്. സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കോളേജുകളിലും 12 മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെ സമയം നൽകുന്നു. രാജ്യത്ത് മറ്റൊരിടത്തും നൽകാത്ത പരിഗണന കേരളത്തിൽ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് കോഴിക്കോട് കായക്കൊടി നെടമണ്ണൂർ സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായതിന് പിന്നാലെ മാനേജ്മെന്റ് ഗണപതി ഹോമം നടത്തിയത്.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഹോമം തടസപ്പെടുത്തിയത്.















