കന്യാകുമാരി : രാഷ്‌ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്ന തമിഴ്നാട്ടിൽ ഒരു ദിവസത്തിനുള്ളിൽ മൂന്നാമത്തെ കൊലപാതകവും നടന്നു. യൂത്ത് കോൺഗ്രസ് തിരുവട്ടാർ മേഖല പ്രസിഡണ്ട് ജാക്സൺ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു.. തിരുവട്ടാർ പഞ്ചായത്ത് മെമ്പർ ഉഷാകുമാരിയുടെ ഭർത്താവാണ്.
ഇദ്ദേഹം മൂന്നാറ്റു മുഖം കുന്നത്തുവിള സ്വദേശിയാണ്. ശനിയാഴ്ച രാത്രി 8:30 യോടെ പരാതപള്ളി പള്ളിക്ക് മുൻപിൽ വച്ചാണ് ഇയാളെ അക്രമിസംഘം വെട്ടിയത്. വെള്ളാങ്കോട് സ്വദേശി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. ജാക്സന്റെ ഭാര്യ ഉഷാറാണി തിരുവട്ടാറിലെ പത്താം വാർഡ് കൗൺസിലറാണ്.
വീട്ടിലിരിക്കുകയായിരുന്ന ജാക്സൺ സുഹൃത്ത് ഫോണിൽ വിളിച്ചതിനെ തുടർന്ന് പരാതപള്ളിയിലേക്ക് എത്തുകയായിരുന്നു. അപ്പോൾ വഴിയരികിൽ ബൈക്കുകളിൽ കാത്തുനിന്ന സംഘം വഴി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സംഘം സ്ഥലം വിട്ടു. സാരമായി പരിക്കേറ്റ ജാക്സണെ ആറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കുകയാണ് മരിച്ചത്. തിരുവട്ടാർ പോലീസ് കേസെടുത്തു.
ഇതോടെ തമിഴ്നാട്ടിൽ ഒരു മാസത്തിനിടെ വെട്ടേറ്റു മരിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ എണ്ണം 5 ആയി.
24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ ഉണ്ടാകുന്ന മൂന്നാമത്തെ രാഷ്‌ട്രീയ കൊലപാതകം ആണിത്. നേരത്തെ ബിജെപി നേതാവുംAIADMK നേതാവും വെട്ടേറ്റ് മരിച്ചിരുന്നു.ശിവഗംഗയ്‌ക്ക് സമീപം വെളങ്ങുളം ഗ്രാമത്തിലെ ബിജെപി കാര്യകർത്താവാണ് ആദ്യം വെട്ടേറ്റ് മരിച്ചത്. ബി.ജെ.പി സഹകരണ വിഭാഗം ശിവഗംഗ ജില്ലാ സെക്രട്ടറിയായിരുന്നു വേളാങ്ങുളം സ്വദേശി സെൽവകുമാർ (53) ആണ് കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ ശിവഗംഗ ഇളയൻകുടി റോഡിലേക്ക് പോകുമ്പോൾ കൊല്ലപ്പെട്ടത്.
മറ്റൊരു സംഭവ വികാസത്തിൽ എഐഎഡിഎംകെ പ്രവർത്തകനായ പത്മനാഭനെ കടലൂരിലെ പുതുച്ചേരി അതിർത്തിയിൽ അജ്ഞാതർ വെട്ടിക്കൊന്നു. പത്മനാഭൻ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ നാല് ചക്ര വാഹനം ഇടിച്ച് വീഴ്‌ത്തിയ സംഘം പിന്നീട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാൾക്കെതിരെ കൊലപാതകക്കേസ് നിലവിലുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.
ഈ മാസം ആദ്യം ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊന്നിരുന്നു. നാം തമിഴർ കക്ഷിയുടെ (എൻടികെ) മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ ജൂൺ 16 ചൊവ്വാഴ്ച പുലർച്ചെ വെട്ടേറ്റ് മരിച്ചിരുന്നു.പതിവ് പ്രഭാത സവാരിക്കിടെയായിരുന്നു മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് മന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗരാജന്റെ വസതിക്ക് സമീപത്ത് വെച്ച് മർദ്ദിച്ച് അവശനാക്കി. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രഹ്മണ്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതിന്റെ ഞെട്ടൽ മുക്തമാകുന്നതിന് മുമ്പേ ജൂലൈ 7ന് കടലൂരിൽ എൻഡിഎയുടെ ഭാഗമായ പാട്ടാളി മക്കൾ കക്ഷിയുടെ സജീവ പ്രവർത്തകനും വെട്ടേറ്റു. സ്റ്റാലിൻ ഭരണത്തിൽ തമിഴ്നാട്ടിൽ ക്രമസമാധാനം പാടെ തകർന്നെന്ന വിമർശനം ശക്തമാണ്.















