ന്യൂഡൽഹി: ബേസ്മെന്റിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കെട്ടിടനിർമാണത്തിലെ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. അപകടം നടന്ന ഡൽഹി, ഓൾഡ് രാജേന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിംഗ് സെന്ററിലെ ലൈബ്രറി ഒഴിയാൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥികളാണ് കോച്ചിംഗ് സെന്ററിന് മുന്നിൽ സമരം ചെയ്യുന്നത്.
കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതിന് ഡൽഹി കരോൾ ബാഗിലെ 13 കോച്ചിംഗ് സെൻ്ററുകളുടെ ബേസ്‌മെൻ്റുകൾ കോർപ്പറേഷൻ സീൽ ചെയ്തു. ബേസ്മെന്റുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് നിർദേശിച്ചു.
തീപിടിത്തം, വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ യാതൊരു മാർഗങ്ങളും കെട്ടിടങ്ങളിൽ സജ്ജീകരിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ബയോമെട്രിക് ആക്സസ് സംവിധാനം ഇല്ലാതിരുന്നതിനാലാണ് ഈ ദുരന്തമുണ്ടായത്. അവർക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. ഇവിടെയുള്ള പല കെട്ടിടങ്ങളിലും പുറത്തുകടക്കുന്നതിന് ബയോമെട്രിക്സ് സംവിധാനം ആവശ്യമാണ്. കെട്ടിടങ്ങളിൽ ബാൽക്കണി സൗകര്യമില്ല. തീപിടിത്തമുണ്ടായാൽ കെട്ടിടത്തിൽ താമസിക്കുന്നവരെ രക്ഷിക്കാൻ ഒരു മാർഗവുമില്ലെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
സംഭവത്തിൽ കോച്ചിംഗ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.