നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായിട്ടുള്ള ലവണമാണ് സോഡിയം. തലച്ചോറിന്റെയും പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിനും, ജലാംശം നിലനിർത്തുന്നതിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ ഘടകമാണ് സോഡിയം. സോഡിയത്തിന്റെ അളവ് ഒരു നിശ്ചിത നിലയിൽ നിലനിൽക്കേണ്ടത് ശരീരത്തിനേറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കോശങ്ങളിൽ കൂടുതലായി ജലാംശം വർദ്ധിച്ച് വീർക്കുന്നതിനും അതുമൂലം അവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു. തലച്ചോറിലെ കോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.
രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 135 മുതൽ 145 വരെയാണ്. സോഡിയം കുറഞ്ഞാൽ ക്ഷീണം, തളർച്ച, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭഘട്ടത്തിൽ പ്രകടിപ്പിക്കുക. തുടർന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങൾ അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കും നയിക്കും. സോഡിയം കുറയുന്നത് മരണത്തിന് വരെ ഇടയാക്കാം.
ഛർദ്ദിയും വയറിളക്കവുമുള്ള സാഹചര്യത്തിൽ ജലാംശം നഷ്ടപ്പെടുമ്പോഴും ബിപിയുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്‌ക്കുമ്പോൾ, കരൾ, വൃക്ക, ഹൃദ്രോഗമുള്ളവർ തുടങ്ങിയവരിൽ സോഡിയം കുറയാനുള്ള സാധ്യതയുണ്ട്. അമിതമായി വെള്ളം കുടിച്ചാലും സോഡിയത്തിന്റെ അളവ് കുറയും.
ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുമ്പോൾ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്തു തയ്യാറാക്കുന്ന മിശ്രിതം കുടിക്കാം. കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം, മോരും വെള്ളം, നാരങ്ങാ വെള്ളം എന്നിവയും സോഡിയം ശരീരത്തിൽ നിലനിർത്താൻ സഹായിക്കും.
ആപ്പിൾ, പേരയ്‌ക്ക, പിയർ, അവക്കാഡോ, പഴം, മാങ്ങ, പെനാപ്പിൾ, തുടങ്ങിയവയിലെല്ലാം സോഡിയം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ്, ബിറ്ററൂട്ട്, ചീര തുടങ്ങിയ പച്ചക്കറികളിലും സോഡിയത്തിന്റെ സാന്നിധ്യം കൂടുതലാണ്.















