എറണാകുളം: നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ആവശ്യം വിദ്യാർത്ഥികൾ ഉയർത്തിയിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസ് പറഞ്ഞു. നിർമ്മല കോളേജിന്റെ തീരുമാനത്തെ പൊതുസമൂഹവും അംഗീകരിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച കോളേജിൽ ഒരു പ്രത്യേക വിഭാഗം വിദ്യാർത്ഥികൾ നിസ്‌കാരം നടത്താൻ പ്രത്യേക മുറി വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി. 70 വർഷത്തിലേറെയായി കോളേജ് കൈക്കൊണ്ട അതേ നിലപാടാണ് ഈ നിവേദനത്തിലും സ്വീകരിച്ചത്. പ്രസ്തുത ആവശ്യം അനുവദിക്കില്ല എന്ന നിലപാടിൽ മാനേജ്‌മെന്റ് അടിയുറച്ചുനിൽക്കുന്നു. സമൂഹവും ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ് കോളേജിന്റെ നിലപാടിനെ പിന്തുണച്ചതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു .
കോളേജിന് 20 മീറ്റർ ദൂരത്തിൽ മോസ്‌ക് സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് നിസ്‌കാരത്തിനായി പോകുന്നതിൽ വിദ്യാർത്ഥികൾക്ക് വിലക്കില്ലെന്നും ഒരു മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാർത്ഥികളുമായി ചർച്ചയില്ല. സമരം നടത്തിയവർക്കെതിരായ അച്ചടക്ക നടപടികൾ കോളേജിന്റെ വിവിധ സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊളളുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജിന്റെ മൂല്യങ്ങൾക്ക് വിള്ളലുണ്ടായി എന്നതാണ് വേദനിപ്പിക്കുന്ന കാര്യമെന്ന് മാനേജറും പറഞ്ഞു.
കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ ചില വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വിവാദമായിരുന്നു. തുടർന്നാണ് ഇന്ന് മാനേജ്‌മെന്റ് യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്.















