കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായ എ.സി.പിയെ കക്ഷി ചേർത്ത് ഹൈക്കോടതി. ഹർജിക്കാരന്റെ കക്ഷി ചേരൽ അപേക്ഷ അനുവദിച്ചാണ് നടപടി. മറുപടിക്കായി എതിർ കക്ഷികൾ സാവകാശം തേടിയിട്ടുണ്ട്. ഹർജി അടുത്ത മാസത്തേക്ക് നീട്ടി.
ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുരക്ഷാ ഉദ്യോഗസ്ഥനെ കക്ഷി ചേർത്തത്. ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഗുരുതരമായ ആചാര ലംഘനം നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിലാണ് ബിരിയാണി വിതരണം ചെയ്തത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. സംഭവം വിവാദമായതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും ജീവനക്കാരിൽ പലരും മദ്യവും മാംസവും അതേ സ്ഥലത്തി ഉപയോഗിക്കാറുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഭരണ സമിതി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.