മൂവാറ്റുപുഴ: നിർമല കോളേജിൽ പ്രത്യേക നിസ്‌കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് സീറോ മലബാർ സഭ അൽമായ ഫോറം. ഇത്തരം മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പ്രതികരിച്ചു.
കോളേജിലെ സമാധാന അന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന ചില നടപടികളാണ് ഉണ്ടായത്. കേരളത്തിലും ഭാരതത്തിലും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുളള അവകാശത്തെപ്പോലും ലംഘിക്കുന്ന സംഭവമാണ് അരങ്ങേറിയതെന്നും ടോണി ചിറ്റിലപ്പളളി ചൂണ്ടിക്കാട്ടി. അങ്ങനെയുളള മൂവാറ്റുപുഴ ശൈലികൾ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. പ്രതിഷേധത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും മറ്റുളള മതങ്ങളുമായി ആദരവും ബഹുമാനവും പങ്കിടുന്ന മതമാണ് ക്രൈസ്തവ മതം. അതിന് ഭംഗം വരുത്തുന്ന അവകാശ ലംഘനങ്ങളെ നീതികരിക്കാനാകില്ല. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തും. ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ അതിന്റെ നിയന്ത്രണം ക്രൈസ്തവ മാനേജ്‌മെന്റിന് മാത്രമാണ്. അത്തരം അവകാശങ്ങളുടെ മേലുളള കടന്നുകയറ്റത്തെ ചെറുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അൽമായ ഫോറം ചൂണ്ടിക്കാട്ടി.
പ്രത്യേക നിസ്‌കാര മുറി അനുവദിക്കാനാകില്ലെന്ന് കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടർന്ന് പോകുമെന്നും ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് യോഗത്തിന് ശേഷം കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോളേജിൽ പ്രത്യേക നിസ്‌കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ച് പ്രതിഷേധിച്ചത്.
കോളേജിനോട് ചേർന്നുളള മോസ്‌കിൽ വെളളിയാഴ്ചകളിൽ പോകാൻ വിദ്യാർത്ഥികൾക്ക് വിലക്കില്ല. കോളേജിനുളളിലെ റസ്റ്റ് റൂമിലും വിദ്യാർത്ഥിനികൾ നിസ്‌കരിക്കാറുണ്ട്. എന്നാൽ ക്ലാസ് മുറിയിൽ നിസ്‌കരിക്കുന്നത് അദ്ധ്യാപകർ വിലക്കിയതോടെ ആയിരുന്നു പ്രതിഷേധം. നിസ്‌കാര സമയം കൂട്ടി നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഒരു മണിക്കൂറാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നത്.















