ലക്നൗ: കൻവാർ യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീർത്ഥാടകർ അച്ചടക്കത്തോടെയും അർപ്പണബോധത്തോടെയും തീർത്ഥാടനം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൻവാർ യാത്രയെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാജ്യത്തുടനീളമുള്ള ശിവഭക്തർ ശിവക്ഷേത്രത്തിലെത്തി ജലാഭിഷേകം നടത്തുന്നു. തീർത്ഥാടകർക്ക് ഒരു തരത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങൾ സ്വയം അച്ചടക്കം പാലിക്കണം. തീർത്ഥാടകരുടെ സുരക്ഷിതത്വം പ്രധാനമാണ്. വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ മഹാദേവനിൽ വിശ്വാസമർപ്പിച്ച് യാത്രയിൽ പങ്കെടുക്കുന്നു”.
യാത്രാപാതയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഡ്രോണുകളും ക്യാമറകളും ഉപയോഗിച്ച് പരിശോധനകൾ നടത്തിവരികയാണ്. തീർത്ഥാടകർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.