ലഖ്‌നൗ : ചരിത്ര പ്രസിദ്ധമായ കൻവാർ തീർത്ഥാടന യാത്രാ വീഥിയിൽ വരാഹ മൂർത്തിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും, ഭഗവധ്വജങ്ങളും, ഓം എന്നെഴുതിയ ചിത്രങ്ങളും കൊണ്ട് നിറയുന്നു. കൻവാർ തീർത്ഥാടന യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകളിലാണ് വരാഹ രൂപങ്ങൾ കൊണ്ട് അലംകൃതമാക്കുന്നത്. ‘ജയ് ഭോലേനാഥ്’, ‘ഹർ ഹർ മഹാദേവ്’ ‘ഓം നമോ നാരായണ’ എന്നീ മന്ത്രങ്ങൾ യാത്രാ വീഥിയിലെ കടകളിൽ നിറയുകയാണ്.
മുസാഫർനഗറിലെ യോഗ സാധന ആശ്രമത്തിലെ മഹന്ത് യശ്വർ മഹാരാജ് ടകളിൽ ഹിന്ദു മതത്തിന്റെ ചിഹ്നങ്ങൾ സ്ഥാപിക്കാൻ കടയുടമകളോട് അഭ്യർത്ഥിച്ചിരുന്നു. അങ്ങിനെ ചിഹ്നങ്ങൾ സ്ഥാപിക്കുക വഴി തീർത്ഥാടന യാത്രയുടെ പവിത്രതക്ക് ഭംഗം വരാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും കടകളും തിരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് കഴിയും എന്നതാണ് അനുമാനം.
ഏറെ വ്രതങ്ങളും ചിട്ടകളും ഉള്ള ഒരു തീർത്ഥാടന പരിക്രമമാണ് കൻവാർ തീർത്ഥാടന യാത്ര. യാത്രാ വേളയിലും വ്രത സമയത്തും ഉള്ള നിഷ്ഠകളും ഭക്ഷണ ക്രമവും പാലിക്കപ്പെടേണ്ടതാണെന്ന വിശ്വാസം രൂഢമൂലമാണ്.
ഹിന്ദു പുരാണങ്ങൾ അനുസരിച്ച് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹ മൂർത്തി. ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ ജലത്തിൽ മുക്കിയപ്പോൾ മഹാവിഷ്ണു ഭീമാകാരമായ കാട്ടുപന്നിയുടെ രൂപമെടുത്തു. ഇതാണ് വരാഹ മൂർത്തിയുടെ അവതാരം. ഈ വരാഹ മൂർത്തി ഹിരണ്യാക്ഷനെ കൊന്നു. അതിനു ശേഷം വരാഹ മൂർത്തി ഭൂമിയെ തന്റെ കൊമ്പിൽ ഉയർത്തി യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചു. ഈ വീരകൃത്യത്താൽ വരാഹ ഭഗവാൻ ഭൂമിയുടെ സംരക്ഷകനായും ഭക്തരുടെ രക്ഷകനായും പൂജിക്കപ്പെടുന്നു .
ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ നിന്ന് ഭക്തർ വിശുദ്ധജലം ശേഖരിച്ച് ശിവന് സമർപ്പിക്കുന്ന ഒരു പ്രധാന മത തീർത്ഥാടനമാണ് കൻവാർ യാത്ര. സാവൻ മാസത്തിൽ ശിവഭക്തർ നടത്തുന്ന ഈ യാത്ര ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നതാണ്.
വരാഹ ഭഗവാൻ ഭൂമിയുടെ രക്ഷകനായി അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തെ ആരാധിക്കുന്നത് കൻവാർ തീർഥാടകരിൽ സുരക്ഷിതത്വത്തിന്റെയും സംരക്ഷണത്തിന്റെയും ബോധം വളർത്തുന്നു എന്നാണ് ഭക്തർ പറയുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വരാഹ മൂർത്തിയുടെ അവതാര സന്ദേശം എത്തിക്കാനാണ് വിശ്വാസികളുടെ നീക്കം.















