എറണാകുളം: കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ വാഹനാപകടം നടന്ന സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അപകടത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു. സമൂഹത്തിന് മാതൃകയാകേണ്ട കലാകാരന്മാർ അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നത് തെറ്റായ പ്രവണതയെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
സംഭവത്തിൽ കാറിന്റെ അമിതവേഗത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ താരങ്ങൾ സഞ്ചരിച്ച കാർ ഷൂട്ടിംഗിനിടെ തലകീഴായി മറിഞ്ഞ് അപകടം നടന്നത്. അപകടത്തിൽ താരങ്ങൾ അടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്.
പുലർച്ചെ 1:30 ഓടെ കൊച്ചി എം. ജി റോഡിൽ വച്ചാണ് അപകടം നടന്നത്. ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായിരുന്നു വാഹനം ഓടിച്ചത്. കാറിൽ നടന്മാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർ ഉണ്ടായിരുന്നു.
വഴിയില്‍ നിര്‍ത്തിയിരുന്ന രണ്ട് ബൈക്കുകളില്‍ തട്ടിയ ശേഷമായിരുന്നു കാർ മറിഞ്ഞത്. ബൈക്ക് യാത്രികര്‍ക്കടക്കം പരിക്കേറ്റെങ്കിലും ഗുരുതരമല്ല. റോഡിലെ മറ്റ് യാത്രികരുടെ ജീവന് ഭീഷണി ഉയര്‍ത്തും വിധം വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്.















