ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയതിനെ തുടർന്ന് മരിച്ച മൂന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി ലെഫ്. ഗവർണർ വികെ സക്സേന അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ലഫ്. ഗവർണർ അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്), പോലീസ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നാണ് ഗവർണറുടെ ഉറപ്പ്.
മലയാളിയായ നവീൻ ഡാൽവിൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളാണ് പെട്ടന്നുണ്ടായ വെളളപ്പൊക്കത്തിൽ മുങ്ങി മരിച്ചത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന കോച്ചിംഗ് സെന്ററിൽ പെട്ടന്നുണ്ടായ കനത്ത മഴയിൽ വെളളം പൊങ്ങിയതോടെ വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ കഴിയാതെ വരികയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവ്വീസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ചയും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. കാർ പാർക്കിംഗും മറ്റും ചൂണ്ടിക്കാട്ടി ബേസ്‌മെന്റ് എടുത്ത ശേഷം അവിടെ അനധികൃതമായി കോച്ചിംഗ് സെന്ററാക്കി മാറ്റുകയാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇത്തരം കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
സംഭവത്തെ തുടർന്ന് രണ്ട് ദിവസമായി അധികൃതർ പരിശോധന ശക്തമാക്കുകയും ബേസ്‌മെന്റിൽ സമാനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കണ്ടെത്തി സീൽ ചെയ്യുകയും ചെയ്യുന്നുണ്ട്.















