തിരുവനന്തപുരം: ആമഴിഞ്ചാൻ തോട്ടിൽ പരിശോധന നടത്തി കേന്ദ്ര സാമൂഹ്യനീതി വകുപ്പ്. സഫായി കരംചാരിസ് ദേശീയ ചെയർമാൻ എം. വെങ്കിടേശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, സിസിപി നിധിൻ രാജ് എന്നിവരും സംഘത്തെ അനുഗമിച്ചു.
തോട്ടിലെ മാലിന്യം നീക്കെ ചെയ്യുന്നതിനിടയിൽ ഒഴുക്കിൽപെട്ട് ശുചീകരണ തൊഴിലാളി മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘം പരിശോധന നടത്തിയത്. 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. ജോയിക്കായുള്ള തിരച്ചിലിനിടെയാണ് തോട്ടിലെ മാലിന്യത്തിന്റെ വ്യാപ്തിയറിയാൻ സാധിച്ചത്.
മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭയെയും സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാ നടപടി വേണമെന്നും കോടതി പറഞ്ഞു. കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണം. വാഹനങ്ങൾ പിടിച്ചെടുക്കണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവൽക്കരണ പരസ്യം നൽകണമെന്നും വാർത്താ ചാനലുകളിൽ ഈ പരസ്യം നിശ്ചിത സമയം കാണിക്കണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു.















