സിങ്ഗ്രൗലി: മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സ് കാരി മരിച്ചു. ജില്ലാ ആസ്‌ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള കാസർ ഗ്രാമത്തിൽ ഇന്നലെയാണ് അപകടമുണ്ടായത്. സിങ്ഗ്രൗലി സ്വദേശിയായ പിന്റു സാഹുവിന്റെ മകൾ ശൗമ്യയാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴൽ കിണറിലേക്ക് വീണത്. 250 അടിയോളം താഴ്‌ച്ചയുള്ള കുഴൽക്കിണറാണ് ഇത്. ഇവിടെ 25 അടിയോളം താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്.
പ്രദേശവാസികൾ ഉടൻ തന്നെ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തകർ അടക്കം സ്ഥലത്തെത്തി അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ പുറത്തെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും, എന്നാൽ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.















