മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി. ഹാരിസൺ മലയാളം പ്ലാന്റേഷൻ പ്രതിനിധി ചെറിയാൻ. എം.ജോർജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ മുണ്ടക്കയം ഡിവിഷനിലാണ് ദുരന്തം ഉണ്ടായതെന്ന് ചെറിയാൻ ജോർജ് പറഞ്ഞു. 2019 ലെ പുത്തുമല ദുരന്തത്തേക്കാൾ ഭയാനകമാണ് സ്ഥിതി. രണ്ട് ഓഫീസ് സ്റ്റാഫിനെയും എട്ട് ജീവനക്കാരെയും കാണാനില്ല. പ്ലാൻേഷനിൽ ലയങ്ങളിൽ താമസിച്ചിരുന്ന 400 ഓളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 200 ഓളം പേരെ മാനേജരുടെ ക്വാട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് കുറച്ച് തൊഴിലാളികളെ എൻഡിആർഎഫും ഫയർ ആന്റ് റെസ്ക്യുവും മാനേജ്മെന്റും ചേർന്ന് മാറ്റി പാർപ്പിച്ചിരുന്നു. അന്ന് സുരക്ഷിതം എന്ന് വിലയിരുത്തിയ സ്ഥലത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്. പ്ലാന്റേഷനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയിരിക്കുകയാണ്. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം അതിവ ദുസ്സഹമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 26 പേരുടെ മരണം ജില്ലാഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. പിന്നീട് നാല് മണിക്ക് ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.















