ന്യൂഡൽഹി: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്‌ട്രപതിയും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി ഇരുവരും എക്‌സിൽ കുറിച്ചു. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഇന്ന് പുലർച്ചയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ അറുപതോളം ആളുകളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
” വയനാട്ടിലെ ഉരുൾ പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടത് വേദനാജനകമാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു”. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു എക്‌സിൽ കുറിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും അനുശോചനം രേഖപ്പെടുത്തി. ” വയനാട്ടിൽ ഉരുൾപൊട്ടലിൽ നിരവധിപേർക്ക് ജീവൻ നഷ്‌ടമായ സംഭവം അഗാധമായ വേദനയുളവാക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ഒപ്പം പരിക്കേറ്റവരും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർഥിക്കുന്നു “, ഉപരാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെ നിരവധി പേർ വയനാട്ടിലെ ദുരന്തത്തിൽ അനുശോചനം അറിയിക്കുകയും ദു:ഖം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.















