വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയിൽ എത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാഗമാണ് എത്തിയത്.
കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർ അടങ്ങുന്ന സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടിൽ എത്തിയിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു. കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. 250 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് എൻഡിആർഎഫിന്റെയും അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തം പുരോഗമിക്കുകയാണ്. മുണ്ടകൈ മേഖലയിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം. നിലവിൽ മരണസംഖ്യ 67 ആയി. നൂറുകണക്കിന് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ആശങ്കയായി കനത്തമഴയും തുടരുകയാണ്.















