പാരിസ്: വീണ്ടും ചരിത്രം രചിച്ച് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യം വെങ്കല മെഡൽ നേടി. ഇതോടെ ഒരേ ഒളിമ്പിക്സിൽ തന്നെ രണ്ടാം മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് മനു ഭാക്കർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലായിരുന്നു നേരത്തെ മനു ഭാക്കർ മെഡൽ സ്വന്തമാക്കിയത്.
ദക്ഷിണ കൊറിയയുടെ ലീ വൊൻഹോ – ഓ യെ ജിൻ സഖ്യത്തെ 16-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ നേട്ടം. ഇതോടെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം രണ്ടായി. അതികഠിനമായ സമ്മർദ്ദത്തെ മറികടന്ന് ചരിത്ര നേട്ടം സ്വന്തമാക്കിയ മനു ബാക്കറിനും സരബ്ജോത് സിംഗിനും ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാർ എന്നിവർ ഇരുവരെയും അഭിനന്ദിച്ചു.
നമ്മുടെ ഷൂട്ടർമാർ ഇന്ത്യയെ അഭിമാന പൂരിതമാക്കുകയാണെന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. മനു ഭാക്കറും സരബ്ജോത് സിംഗും ചേർന്ന് മികച്ച പ്രകടനവും ടീം വർക്കുമാണ് കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടക്കാനാവാത്ത സന്തോഷത്തിലാണ് ഭാരതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം ഒരേ ഒളിമ്പിക്സിൽ തന്നെ രണ്ട് മെഡലുകൾ കരസ്ഥമാക്കുന്നത് എന്നതിനാൽ മനു ഭാക്കറിന്റെ നേട്ടം ഏറെ സവിശേഷമാണ്.