വയനാട് ദുരന്തത്തിൽ അനുശോചന കുറിപ്പുമായി അഖിൽ മാരാർ. രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ മനുഷ്യർ ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടിൽ സംഭവിച്ചതെന്ന് അഖിൽ മാരാർ കുറിച്ചു. എന്തൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ പ്രകൃതി ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നതണ് ഈ ദുരന്തമെന്നാണ് താരത്തിന്റെ കുറിപ്പിൽ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അനുഭവങ്ങളെ പാഠ പുസ്തമാക്കിയും പ്രകൃതിയെ ഗുരുവായും മനസിൽ കണ്ട് മുന്നോട്ട് സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി..
സത്യത്തിൽ എനിക്ക് ഈശ്വരൻ പോലും പ്രകൃതിയാണ്…ആ പ്രകൃതി എന്താണിങ്ങനെ..സൂചനകൾ നൽകി എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കുകയാണോ…?
രാത്രിയിൽ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യർ.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ… ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ പിടച്ചിലാണ്… എന്തൊക്കെയോ വെട്ടി പിടിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ പ്രകൃതി എന്നെ വീണ്ടും പഠിപ്പിക്കുന്നു… എന്നോട് പറയുന്നു “എന്റെ കണ്ണീരിൽ തീരുന്നതാണ് നിന്റെ എല്ലാ നേട്ടങ്ങളും…”
വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽമല മേഖലകളിലാണ് പുലർച്ചെ ഉരുൾപ്പൊട്ടലുണ്ടായത്. നൂറുകണക്കിന് വീടുകൾ ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനോടകം 54 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.















