വയനാട് : ഉരുൾ പൊട്ടലിന്റെ ഭീതിദമായ വിവരങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മലയാളികളിൽ പലർക്കും ഈ പ്രദേശങ്ങൾ എവിടെയാണ് എന്നറിയില്ല .
ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയും മുണ്ടക്കൈയും വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് മേപ്പടി സ്ഥിതിചെയ്യുന്നത്. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29 ലെ മേപ്പാടി ഹിൽസ്റ്റേഷൻ പോലെയുളള നോഹരമായ സ്ഥലങ്ങൾ ആണ് വിനോദസഞ്ചാരികൾ വയനാടിനെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന്. ഇവിടെയുള്ള മനോഹരമായ കുന്നിൻ ചെരിവുകളും ചോലവനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.വടക്കുഭാഗത്ത് കൽപ്പറ്റ മു ൻസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ് മേപ്പാടി പഞ്ചായത്തിന്റെ അതിരുകൾ.

പ്രകൃതി അതിന്റെ രമണീയത മുഴുവൻ കനിഞ്ഞു നൽകിയ സ്ഥലമായതിനാൽ നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആയ കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി മേപ്പാടി പട്ടണത്തിന് അടുത്താണ്.
ചെമ്പ്ര, വെള്ളരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ ചൂരൽമലയും മുണ്ടക്കൈയും. ചൂരൽമല വഴിയാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്.ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല.

മേപ്പാടിപ്രധാന കവലയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഇടങ്ങൾ. സാധാരണക്കാരും തോട്ടം തോഴിലാളികളുമാണ് ചൂരൽമലയിലെ താമസക്കാർ. ഹാരിസൺസ് മലയാളം തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരൽമലയിലെ ഏറിയപങ്കും.
ദുരന്തത്തിൽ ചൂരൽമല അങ്ങാടി പൂർണമായും തുടച്ച് നീക്കപ്പെട്ടു. എത്രപേർ ദുരന്തത്തിൽ അകപ്പെട്ടെന്നോ എത്രപേരെ കാണാതായെ ഇതേവരെ അറിയാൻ കഴിഞ്ഞിട്ടില്ല.















