ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾ മുഖേന രാജ്യത്ത് പുതുതായി15.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി വാണിജ്യ, നൈപുണ്യ വികസന സഹമന്ത്രിമാർ. ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) 2024 ജൂൺ 30 വരെ 1.4 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം നൽകിയതിലൂടെ15.5 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്റിൽ വ്യക്തമാക്കി.
വാണിജ്യ മന്ത്രി ജിതിൻ പ്രസാദയും നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരിയുമാണ് ഇക്കാര്യം സംബന്ധിച്ച വിശദ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചത്. മഹാരാഷ്‌ട്ര (25,044), കർണാടക (15,019), ഡൽഹി (14,734), ഉത്തർപ്രദേശ് (13,299), ഗുജറാത്ത് (11,436) എന്നീ സംസ്ഥാനങ്ങളാണ് സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇവിടങ്ങൾ സംരംഭക പ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കൂടാതെ നിക്ഷേപങ്ങളെയും തൊഴിൽ അന്വേഷകരെയും സംസ്ഥാനങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു.
ലക്ഷദ്വീപ് (3), സിക്കിം (11), ലഡാക്ക് (16), മിസോറാം (32), അരുണാചൽ പ്രദേശ് (38), മേഘാലയ (52), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവയാണ് ഏറ്റവും കുറഞ്ഞ സ്റ്റാർട്ടപ്പുകളുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ കാര്യമായ സ്വാധീനം ജയന്ത് ചൗധരി ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2016 ജനുവരിയിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം തുടങ്ങിയ സർക്കാർ പദ്ധതികൾ ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായിട്ടുണ്ടെന്നും മന്ത്രിമാർ വ്യക്തമാക്കി.















