പൊട്ടിക്കാത്ത കിംഗ് ഫിഷറിന്റെ ബിയറിൽ പായലെന്ന് യുവാവ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തെലങ്കാനയിലെ ഹനംകാെണ്ടയിലാണ് സംഭവം. ഉപഭോക്താവ് ഈ ബിയർ വാങ്ങിയ വൈൻ ഷോപ്പിൽ തന്നെ നൽകി, പകരം മറ്റൊന്ന് വാങ്ങാൻ മല്ലയുദ്ധം നടത്തേണ്ടി വന്നു.
വൈൻ ഷോപ്പിൽ നിന്ന് കിംഗ് ഫിഷർ ലൈറ്റ് ബിയറാണ് വാങ്ങിയത്. കുടിക്കാനായി ബോട്ടിലിന്റെ മൂടി തുറക്കാനെടുത്തപ്പോഴാണ് പായൽ കണ്ടത്. ഞെട്ടിയ ഇയാൾ കുപ്പിയുമായി മദ്യശാലയിലേക്ക് പാഞ്ഞു. ഇതിന് പകരം മറ്റൊരു ബിയർ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഉടമ അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ ഷോപ്പിലുണ്ടായിരുന്ന ആൾക്കാർ ഇടപെട്ടു.
ഉടമയോട് ബോട്ടിൽ മാറ്റി നൽകാൻ ആവശ്യപ്പെട്ടു. ‘മീനുകൾ കുപ്പിയിൽ നീന്തുന്നുണ്ട്. ആൾക്കാരുടെ ജീവൻ വച്ചാണോ” കളിക്കുന്നതെന്ന് ചോദിച്ച യുവാവ് രേവന്ത് റെഡ്ഡി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സർക്കാർ വൈൻ ഷോപ്പുകളിലെ മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നു.