വയനാട്: മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് കേരളം. ഉറ്റവരെ തേടി ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാവിലെ മുതൽ ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. ഇതുവരെ 151 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും രക്ഷപ്പെട്ടവർ. ദുരന്തത്തെ കുറിച്ച് പ്രതികരിക്കുകയാണ് പ്രദേശവാസികൾ.
ഞങ്ങളുടെ വീടാണ് ആദ്യം പോയത്. എന്റെ കുടുംബവും തൊട്ടടുത്തുള്ള ഒരു അയൽവാസിയും മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. ചുറ്റുപാടുമുള്ള ബാക്കിയെല്ലാവരെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. വീടും ബാക്കിയുള്ള എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നാണ് ഒരു പ്രദേശവാസി പറയുന്നത്.
വലിയൊരു ശബ്ദം കേട്ടാണ് വീടിന് പുറത്തേക്ക് ഇറങ്ങിയത്. മുറ്റത്ത് ഇറങ്ങിയപ്പോൾ കാണുന്നത് മുന്നിലുള്ള വീട് തകർന്ന് വീഴുന്നതാണ്. വീടിന്റെ മുന്നിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. ഞങ്ങളും ഉരുൾപൊട്ടലിൽ അകപ്പെടുമെന്നാണ് കരുതിയത്. പിന്നെ, വീടിന് പുറകിലെ പറമ്പിലൂടെ ഓടി എങ്ങനെയൊക്കെയോ മറ്റൊരു വീട്ടിൽ എത്തിച്ചേർന്നതാണ്. അവിടെ രണ്ടു മണിക്കൂറോളം നിന്നു. രണ്ടാമത് ഉരുൾ പൊട്ടിയപ്പോൾ ആ വീടും പോയി. എങ്ങനെയൊക്കെയോ ജീവൻ കിട്ടിയെന്നാണ് രക്ഷപ്പെട്ട പെൺകുട്ടിയുടെ വാക്കുകൾ.