മനുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത് . കേരളം മഴക്കലിയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ചു നിൽക്കുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന പേരാണ് മാധവ് ഗാഡ്ഗിൽ . പശ്ചിമഘട്ടം തകർക്കപ്പെട്ടുവെന്നും , കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളായിരിക്കുമെന്നും വ്യക്തമാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ.
അതീവ പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണം എത്രത്തോളമെന്നും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ തടയാമായിരുന്ന ദുരന്തങ്ങളല്ലേ അടിക്കടി നമുക്ക് മുന്നില്‍ നടക്കുന്നതെന്നുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചോദ്യങ്ങൾ. ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ എന്ന 82 കാരൻ.രാജ്യം പദ്മഭൂഷൻ നൽകിയാണു ഗാഡ്ഗിലിനെ ആദരിച്ചത്.
1942ൽ പൂണെയിൽ സഹ്യാദ്രിയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന ഗാഡ്ഗിലിന്റെ ജീവിതം പശ്ചിമഘട്ട പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവച്ചതാണ് . ‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച കാര്യങ്ങളാണിത് . ഈ ആശങ്കയാണു ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളും നിരവധി പേർ പോസ്റ്റ് ചെയ്തു.
‘ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ’ എന്നു തോമസ് ചാണ്ടി എംഎൽഎയും ‘ജെസിബി പോയിട്ട് കൈക്കോട്ടു പോലുംവയ്‌ക്കാത്ത നിബിഢവനത്തിൽ എങ്ങനെ ഉരുൾപൊട്ടി?’ എന്നു പി.വി.അൻവർ എംഎൽഎയും ‘പ്രകൃതിയുടെ വിധിയെ ആർക്കും തടുക്കാനാവില്ല. ഇനിയും നിയമങ്ങളിൽ ഇളവു വേണം’ എന്നു എസ്.രാജേന്ദ്രൻ എംഎൽഎയും പറഞ്ഞു. ‘മാധവ് ഗാഡ്ഗിൽ, ദുരന്തഭൂമിയിലെ ശവംതീനിക്കഴുകൻ’ എന്ന് ഇടുക്കി മുൻ എംപി ജോയ്സ് ജോർജും പറഞ്ഞപ്പോൾ ആ വന്ദ്യവയോധികൻ മൗനം പാലിച്ചു . കാലം മറുപടി നൽകുമെന്ന വിശ്വാസത്താൽ. അതെ ഇന്ന് പ്രകൃതി ആ മറുപടി നൽകി കഴിഞ്ഞു.















