തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ബുധനാഴ്ചയും കേരളത്തിലെ ട്രെയിൻ സർവ്വീസുകൾക്ക് മാറ്റം. ഒരു ട്രെയിൻ ഭാഗീകമായി റദ്ദാക്കി. മറ്റൊരു ട്രെയിനിന്റെ സമയം മാറ്റി നിശ്ചയിക്കുകയും ചെയതു.
രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെട്ടത്. കന്യാകുമാരി – മംഗളൂരു സെൻട്രൽ 16650 പരശുറാം എക്സ്പ്രസാണ് ഭാഗീകമായി റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതൽ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് സമയം പ്രകാരം ഷൊർണൂരിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.
കനത്തമഴയെ തുടർന്ന്, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.















