തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് പരിക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. അടുത്തിടെ ദീപ്തിയും സുജീത്തും തമ്മിൽ അകന്നിരുന്നു . ഇതിന് കാരണം ഷിനിയാണെന്ന് കരുതിയാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്ന് ദീപ്തി പറഞ്ഞു . യുട്യൂബ് വീഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പർ ഉപയോഗിച്ചു വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയർ നൽകാനെന്ന വ്യാജേന എത്തിയത്.
തലയും മുഖവും മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. ജീൻസും ഷർട്ടുമായിരുന്നു വേഷം. ഷിനിയുടെ ഭർതൃപിതാവ് ഭാസ്‌കരൻ നായരാണ് ആദ്യം പുറത്തേക്ക് വന്നത്. തുടർന്ന് കൊറിയർ കൈമാറാൻ ഒപ്പിടാനെന്ന പേരിൽ ഷിനിയെ പുറത്തേക്ക് വിളിപ്പിച്ചു. ഒപ്പിടുന്നതിനിടയിൽ തൊട്ടടുത്തുനിന്ന് എയർ പിസ്റ്റൾ ഉപയോഗിച്ച് ഷിനിയുടെ മുഖത്തിനു നേരേ വെടിെവയ്‌ക്കുകയായിരുന്നു. കൈകൊണ്ട് മുഖം പൊത്തിയതിനാലാണ് വെടിയുണ്ട വലതു കൈയിൽ തറച്ചത്. തുടർന്ന് രണ്ട് തവണ കൂടി ചുവരിലേക്ക് വെടിവെച്ചശേഷം ഓടി കാറിൽക്കയറി രക്ഷപ്പെടുകയായിരുന്നു.















