അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമലാ ഹാരിസിന് 41 ദിവസത്തെ ഹോമം. തെലങ്കാനയിലെ പലോഞ്ച ആസ്ഥാനമായുള്ള ശ്യാമള ഗോപാലൻ എജ്യുക്കേഷണൽ ഫൗണ്ടേഷന്റെ (എസ്‌ജിഇഎഫ്) സ്ഥാപക ചെയർമാൻ നല്ല സുരേഷ് റെഡ്ഡിയാണ് 41 ദിവസത്തെ ഹോമം നടത്തിയത്.
തെരഞ്ഞെടുപ്പ് വിജയത്തിനായി ഓഗസ്റ്റ് അവസാനത്തോടെ വീണ്ടും 41 ദിവസത്തെ ഹോമം നടത്തും. ഇന്ത്യൻ അമേരിക്കകാരുടെ പിന്തുണ നേടുന്നതിനായി സെപ്റ്റംബർ 10-ന് വാഷിംഗ്ടണിൽ ഇന്ത്യൻ പ്രവാസികളുമായി എസ്‌ജിഇഎഫ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കമലാ ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്റെ സ്മരാണാർത്ഥമാണ് എസ്ജിഇഎഫ് സംഘടന രൂപീകരിച്ചത്. പാവപ്പെട്ടവരെയും ദരിദ്രരെയും ശാക്തീകരിക്കുകയാണ് ലക്ഷ്യം. തെലങ്കാനയിൽ 150 ഏക്കർ സ്ഥലത്ത് ശ്രീ വേൾഡ് എന്ന പേരിൽ അന്താരഷ്‌ട്ര നിലവാരത്തിലുള്ള സ്കൂൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കേൾവി വൈകല്യമുള്ള കുട്ടികളുടെ ശസ്ത്രക്രിയകൾക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു, മൂന്ന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് എംബിബിഎസ് പഠനത്തിന് പിന്തുണയും ട്രസ്റ്റ് നൽകി.
ഹരിത പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തെലങ്കാനയിലുടനീളം ഫൗണ്ടേഷൻ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, ഈ വർഷം പ്റ്റംബറോടെ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. 45 ലക്ഷം രൂപ ഉപയോഗിച്ച് പാലോഞ്ചയിൽ ഒരു പ്രസ് ക്ലബ് നിർമ്മിച്ചുവെന്നും സുരേഷ് റെഡ്ഡി കൂട്ടിച്ചേർത്തു.















