ഗാസ : ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ട ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയയുടെ മരണത്തിൽ പകരം വീട്ടുമെന്ന ഭീഷണിയുമായി ഹമാസ്. ഇസ്മായിൽ ഹനിയയുടെ മരണം ഹമാസിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത് . അതിന് പിന്നാലെയാണ് ഈ പ്രതികരണം .
“അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുത്, പകരം അവർ തങ്ങളുടെ നാഥന്റെ അടുക്കൽ ജീവിച്ചിരിക്കുന്നു, ഉപജീവനം നൽകുന്നു.” – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു . ഇതിന് പുറമെ ഇസ്മയിലിന്റെ മരണത്തിന് തീർച്ചയായും പ്രതികാരം ചെയ്യുമെന്നും ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം അംഗം മൂസ അബു മർസൂഖ് പറഞ്ഞു. ഇസ്മായിൽ ഹനിയയുടെ കൊലപാതകം ഭീരുത്വമാണ്, പലസ്തീൻ അനുഭാവികൾക്കെല്ലാം ഇന്ന് ദുഃഖമാണ്. അതിന് ഉത്തരം നൽകണമെന്നും മർസൂഖ് പറഞ്ഞു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡാണ് (ഐആർജിസി) ഇസ്മായിൽ ഹനിയയുടെ മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും ഐആർജിസി അറിയിച്ചു. ഇസ്മായിൽ ഹനിയയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഈ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലിന്റെ ഐഡിഎഫും മൊസാദും ആണെന്ന് സംശയിക്കപ്പെടുന്നു.