ന്യൂഡൽഹി: മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സണായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മനോജ് സോണി രാജിവെച്ചതിനാലാണ് പുതിയ നിയമനം. ഓഗസ്റ്റ് 1-ന് പ്രീതി സുദാൻ യുപിഎസ്‍സി ഡയറക്ടറായി ചുമതലയേൽക്കും.
നിയമനത്തിന് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരവും നൽകി. അടുത്തവർഷം ഏപ്രിൽ 29 വരെയാണ് നിയമന കാലാവധി. ആന്ധ്രാപ്രദേശിലെ കേഡർ ഓഫീസറായ സുദാൻ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. വിവിധ സർക്കാർ വകുപ്പുകളിലായി 37 വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗസ്ഥയാണ് ഇവർ.
നേരത്തെ വനിതാ-ശിശു വികസനം, പ്രതിരോധ മന്ത്രാലയങ്ങൾ, ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും പ്രീതി സുദാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കൺസൽട്ടന്റായും പ്രവർത്തിച്ചിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹിക നയത്തിലും ആസൂത്രണത്തിലും ബിരുദം നേടിയ സുദാൻ വാഷിംഗ്ടണിൽ പബ്ലിക് ഫിനാൻസ് മാനേജ്മെൻ്റിലും ജോലി ചെയ്തിട്ടുണ്ട്.
2029 മെയ് വരെ കാലാവധി നിലനിൽക്കെയാണ് മനോജ് സോണി രാജിവച്ചത്. പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവിൽ നിൽക്കുന്നതിനിടെ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി. ജൂലായ് നാലിന് നൽകിയ രാജിക്കത്ത് രാഷ്‌ട്രപതി അംഗീകരിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ മനോജ് സോണി 2017 ജൂണിലാണ് യുപിഎസ്സി അംഗമായത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ചെയർമാനായി നിയമിതനായത്.















